Reading Problems? see Enabling Malayalam

It-in-local-language

Malayalam Computing സംരംഭത്തില്‍ നിന്ന്

വിവര സാങ്കേതിക വിദ്യ മാതൃഭാഷയില്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍- മലപ്പുറം പാശ്ചാത്തലത്തില്‍ - ഒരെത്തിനോട്ടം

Naseer Tharayil Malappuram

ആശയ വിനിമയത്തിന് ഭാഷയ്ക്ക് സുപ്രധാന സ്ഥാനമാണുള്ളത്. പക്ഷേ ആ ഭാഷ പറയുന്നവനും കേള്‍ക്കുന്നവനും കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ആശയവിനിമയം പൂര്‍ണ്ണമാവുകയുള്ളൂ. “സമത്വ സുന്ദര കേരളം” “സാക്ഷര സുന്ദര കേരളം” എന്ന പ്രയോഗത്തില്‍ നിന്ന് വിവരസാങ്കേതിക വിദ്യാരംഗത്ത് മുന്നേറ്റം നടത്തുന്ന കേരളത്തിന് പുതിയ മുദ്രാവാക്യം എഴുതിച്ചേര്‍ക്കുന്ന അപൂര്‍വ്വസമയണാണിത്. 2008 ജൂണ്‍ മാസം 8- തിയതി കണ്ണൂരില്‍ ആരംഭിച്ച മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതി മലപ്പുറം ജില്ലയില്‍ പുതിയ സമവാക്യങ്ങള്‍ രചിക്കുകയാണ്.

എന്റെ ഭാഷ എന്റെ കമ്പ്യൂട്ടറിന് എന്ന ഒരു പ്രയോഗം തന്നെ മലയാളിയുടെ വളര്‍ച്ചയെയും പുതിയ ചിന്തയെയും പ്രകാശിപ്പിക്കുന്നതാണ്. മലപ്പുറത്ത് വിവരസാങ്കേതിക വിദ്യയുടെ പുത്തന്‍ വിത്തുകള്‍ മുളപ്പിച്ച് വിവിധ ദേശങ്ങളിലൂടെ അതിനെ വളര്‍ത്തി മലയാളക്കരയില്‍ മുഴുവന്‍ പ്രശസ്തമാക്കി.

ലോകം മലബാറിന്റെ മനസ്സ് തൊട്ടറിയുന്നത് മലപ്പുറത്തിലൂടെയാണ്. വേദം കേള്‍ക്കുന്ന ശുദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന് പറയുന്ന കാലഘട്ടത്തില്‍ മലയാളിയെ അക്ഷരം പഠിപ്പിക്കാന്‍ ഒരു ഗുരുകുലമുണ്ടാക്കിയ ഭാഷാ പിതാവായ എഴുത്തച്ഛന്റെ ഗ്രാമം, ബ്രിട്ടീഷ് സാമ്രാജ്യത്തെ അടിമുടി വിറപ്പിക്കുകയും ദേശീയപ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുകയും ചെയ്ത മൊയ്തുമൌലവിയും, മാധവന്‍നായരും തുടങ്ങി എണ്ണിയാല്‍ തീരാത്ത ദേശസ്നേഹികളുടെ മണ്ണ്. ആയുര്‍ വേദത്തെ വാനോളമുയര്‍ത്തിയ പി.എസ്. വാര്യരുടെ ദേശം, ഇശലുകളുടെ സുല്‍ത്താന്‍ മോയിന്‍കുട്ടി വൈദ്യരുടെയും, ഇടശ്ശേരി, ചെറുകാട് തുടങ്ങി മാരാരും, എം.ടി. സി.ആര്‍ എന്നിവരിലെത്തിനില്‍ക്കുന്ന സാഹിത്യത്തിലെ പര്‍വ്വത നിര- ഭാരത,തൂത,ചാലിയാര്‍,കടലുണ്ടി,നീലഗിരി തുടങ്ങിയ പ്രകൃതി രമണീയമായ പ്രദേശങ്ങള്‍ - ഇതൊക്കെ മലപ്പുറത്തിന് സ്വന്തം.

സാക്ഷരതാ പ്രവര്‍ത്തനത്തിലൂടെയും ഡി.പി.ഇ.പി, എസ്.എസ്.എ പദ്ധതികളിലൂടെയും വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തിയ ജില്ല എന്ന പദവിയും മലപ്പുറത്തിന് സ്വന്തം. വാര്‍ദ്ധക്യത്തിലും അറിവിന്റെ സരണിയിലൂടെ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ചേലക്കോടന്‍ ആയിഷയുടെയും വൊകല്യത്തെ തോല്‍പ്പിച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റിയ സാക്ഷരതാ പ്രവര്‍ത്തക റാബിയയുടെയും സ്വന്തം ജില്ല. ചെറു സംരംഭങ്ങളിലൂടെ കുടുംബശ്രീ പ്രസ്ഥാനത്തെ ജനകീയമാക്കിയ വിസ്മയിപ്പിക്കുന്ന നേട്ടങ്ങളുമായി മലപ്പുറം ജില്ലയുടെ ചരിത്രം തീരുന്നില്ല. ഏറ്റവും അവസാനം സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായ കമ്പ്യൂട്ടര്‍ പഠനം- സാധാരണ കര്‍ഷകനും, അടുക്കളയുടെ അകത്തളങ്ങളില്‍ നിന്നും അമ്മമാര്‍ക്കും, പ്രാപ്യമാണെന്ന് തെളിയിച്ച അക്ഷയ ചരിത്രത്തിന്റെ ഏടുകളില്‍ ഇതിനകം സ്ഥാനം പിടിച്ചുകഴിഞ്ഞ അക്ഷയ ദേശീയവും അന്തര്‍ ദേശീയവുമായ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അഭ്യസ്ഥവിദ്യരായ യുവതീ-യുവാക്കള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലുടെയും സാധാരണക്കാര്‍ക്ക് ലോകം വിരല്‍തുമ്പില്‍ എത്തിച്ച അക്ഷയ – പുതിയ ഘട്ടത്തിലൂടെ വളരുകയാണ്. പുതിയൊരു തലമുറ വായിക്കുന്നതും വളരുന്നതും ഇനി കമ്പ്യൂട്ടറിന്റെമുന്നിലിരുന്നാവും. പക്ഷേ അവന് കമ്പ്യൂട്ടറിലെ ഭാഷ മാതൃഭാഷയായിരിക്കില്ല. ആഗോളീകരണത്തിന്റെ ഭാഗമായി ഓരോ പ്രാദേശികഭാഷയും ലോപിച്ച് ഏകഭാഷ എന്ന അവസ്ഥ ഏകലോക സങ്കല്‍പത്തിന്റെ ഭാഗമായി നമ്മുടെ ഭാഷയിലും വരും. അതിനെ പ്രതിരോധിക്കാന്‍ നമ്മുടെ ഭാഷ നമ്മുടെ കമ്പ്യൂട്ടറിന് എന്ന മുദ്രവാക്യം ഏറെ പ്രസക്തമാണ്. പ്രകൃതിയിലേക്ക് കണ്‍തുറക്കുന്ന കുഞ്ഞു ജീവിതം ജീവിച്ച് തീര്‍ത്ത് മണ്ണിലേക്ക് മടങ്ങുന്ന മനുഷ്യന് അവന്റെ വ്യക്തിത്വവും പാരമ്പര്യവും നിലനിര്‍ത്താനാവുന്നത് അമ്മിഞ്ഞപ്പാലിന്റെ അതേ മഹത്വമുള്ള മാതൃഭാഷയിലാണ്. “മാതൃ” എന്ന പ്രയോഗം തന്നെ അമ്മയുടെ മുലപ്പാലിലൂടെ കുഞ്ഞിന്റെ ഹൃദയത്തിലേക്ക് പകര്‍ത്തിയ അമൂല്യ സ്വത്താണ് അതിനെ പുതിയ കാലഘട്ടത്തില്‍ നിലനിര്‍ത്തണമെങ്കില്‍ വിവരസാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകളുപയോഗപ്പെടുത്തണം.

പടിപ്പുരയും. ഉമ്മറവും, വടക്കേമുറ്റവും തുമ്പയും, മുക്കുറ്റിയും, കണ്ണാന്തളിയും, കൃഷ്ണകിരീടവും ആടിപതിനാറും, ഇടവപ്പാതിയും, ഞാറ്റുവേലയും, കലിയനും കലിച്ചി തുടങ്ങി പഴമനസുകളില്‍ ഗൃഹാതുരത്വ ഓര്‍മ്മകള്‍ വിരിയിക്കുന്ന ഒത്തിരി ഓര്‍മ്മകള്‍ പുതിയ തലമുറക്ക് അപരിചിതമാണ്. അവര്‍ക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത പേരുകളായി ഇവയൊക്കെ മാറി. ഇതിനെ തിരിച്ചുകൊണ്ടുവരല്‍ അസാധ്യമാണ്.എന്നാല്‍ ഇപ്പോഴും ഇതിനെ അവരിലൂടെ നിലനിര്‍ത്തണമെങ്കില്‍ പുതിയ സാങ്കേതികവിദ്യയിലേക്ക് ഇതിനെ രൂപാന്തരപ്പെടുത്തണം.

മലയാളിക്ക് സ്വന്തം ഭാഷയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാപ്തി നേടിക്കൊടുക്കുന്നതിലൂടെ മലയാളഭാഷയും സംസ്ക്കാരവും നമ്മില്‍തന്നെ നിലനിര്‍ത്താന്‍ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയിലൂടെ സാധിക്കും.

കമ്പ്യൂട്ടറില്‍ ഏത് ഭാഷ ഉപയോഗിക്കുന്നു എന്നത് പ്രധാനമായിരുന്നു. അടുത്തകാലം വരെ ഇംഗ്ലീഷ്, മറ്റിതര യൂറോപ്യന്‍ ഭാഷകള്‍ ഉപയോഗിച്ചിരുന്നപ്പോള്‍ അതിനനുസൃതമായ വിഷയങ്ങള്‍ മാത്രമെ കമ്പ്യൂട്ടര്‍, ഇന്റര്‍ നെറ്റ് തുടങ്ങിയ മാധ്യമങ്ങളിലുണ്ടായിരുന്നുള്ളൂ. പുതിയ ഒരു തലമുറയെപോലും കമ്പ്യൂട്ടറില്‍ നിന്നും അകറ്റുന്ന ഈ അവസ്ഥക്ക് സമൂലമായ മാറ്റം വരുത്തുന്നത് മലയാളം കമ്പ്യൂട്ടിംഗിന്റെ ഒരു പ്രധാന മേന്മയാണ്. ഇന്റര്‍ നെറ്റിലും മറ്റും ഉള്ളടക്കം പരമാവധി മലയാളത്തില്‍ വരുത്തുന്നതിലൂടെയും അത് കൃത്യമായി സിസ്റ്റത്തില്‍ ക്രമീകരിക്കുകയും മലയാളം കമ്പ്യൂട്ടിംഗ് പ്രോഗ്രാം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്താല്‍ തീര്‍ച്ചയായും മലയാളിയുടെ വായന മുറിയില്‍ കൂടുതലും ഡിജിറ്റല്‍ മാധ്യമമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. സുഹൃത്തുക്കള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും വിദേശത്തും സ്വദേശത്തും നിന്നുകൊണ്ട് ചാറ്റ് ചെയ്യാനും മെയില്‍ ചെയ്യാനും സൌകര്യപ്രദമായി നമ്മുടെ ഭാഷ ഉപയോഗിക്കുവാനും നമ്മുടെ സാംസ്ക്കാരിക പൈതൃകത്തെയും, നാട്ടറിവുകള്‍, കലാരൂപങ്ങള്‍, നാടോടി ജീവിതം തുടങ്ങി പാരമ്പര്യമായി നമുക്ക് കൈമോശം വന്നുപോകുന്ന എല്ലാ വസ്തുക്കളും കമ്പ്യൂട്ടറില്‍ നമ്മുടെ മാതൃഭാഷയില്‍ നമുക്ക് വായിക്കാനും പകര്‍ത്താനും കഴിയുന്നു എന്നൊരവസ്ഥ ശുഭകരമാണ്. മറ്റെന്തൊക്കെയോ സ്ഥാനം പിടിച്ചിരുന്ന മലയാളിയുടെ ഓരോ അവസ്ഥകളിലും കൊഴിഞ്ഞുപോകലിന്റെതാണ്. നമുക്ക് തിരിച്ചു പിടിക്കലിന്റെയും നിലനില്‍പ്പിന്റെയും ശ്രമം ബാക്കി വെക്കണം. നമ്മിലെ ഗൃഹാതുര സ്മരണകള്‍ അന്യോന്യം ഓര്‍മ്മപ്പെടുത്താന്‍ നമ്മുടെ ഭാഷ നമ്മെ സഹായിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. മറ്റുള്ള ഏത് പദ്ധതിയുടെയും പരീക്ഷണശാല എന്ന നിലക്ക് മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയുടെ തുടക്കക്കാരല്ലെങ്കിലും അതിനെ യാഥാര്‍ത്ഥ്യമാക്കാന്‍ മലപ്പുറത്തിന് ഇനിയും ശ്രമങ്ങള്‍ ബാക്കിയുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കാക്കുന്ന ഓരോരുത്തരും നമ്മുടെ മാതൃഭാഷയെ നിലനിര്‍ത്താനുള്ള വ്യത്യസ്തരീതികള്‍ കൈകൊണ്ട മലപ്പുറം ജില്ലയില്‍ പദ്ധതിയുടെ പ്രവര്‍ത്തനം ശുഭകരമായി വിജയം പ്രാപിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

"http://malayalam.kerala.gov.in/index.php/It-in-local-language" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍